Monday, April 18, 2011

ജനങ്ങള്‍ അപ്രസക്തരാകുമ്പോള്‍!

എൻഡോസൾഫാന്റെ വിധി നിർണ്ണയിക്കപ്പെടും എന്നു കരുതുന്ന സ്റ്റോക്‌ഹോം കൺവെൻഷൻ ജനീവയിൽ തുടങ്ങാനിരിക്കെ, ഇന്ത്യ ഇതുവരെ പിൻതുടർന്ന എൻഡോസൾഫാൻ അനുകൂലനിലപാടിൽ മാറ്റമില്ലെന്നാണ് ഇന്നലെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റേതായി വന്ന കുറിപ്പിൽ നിന്നും വ്യക്തമാവുന്നത്.

വാർത്ത ഇവിടെ: മാതൃഭൂമി

"എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം കേരളത്തിലെയും കര്‍ണാടകത്തിലെയും ചില ഭാഗങ്ങളില്‍മാത്രമേ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന നിലപാടാണ് കൃഷിമന്ത്രാലയത്തിനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. ഈ കീടനാശിനി നിരോധിച്ചാല്‍ അതിന് ബദലായി മറ്റൊരു കീടനാശിനിയില്ലാത്തത് കര്‍ഷകരെ ബാധിക്കും."

കർഷകരേക്കുറിച്ച് ഇത്ര വേവലാതിപ്പെടുന്ന മന്ത്രാലയമായിരുന്നെങ്കിൽ ഇവിടെ എന്തുകൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുന്നു!

ചിലവ് കുറഞ്ഞ മറ്റൊരു ബദൽ ഇല്ല എന്നവാദവും അവർ മുന്നോട്ട് വെക്കുന്നുണ്ട്. അപ്പോൾ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകന് കുറഞ്ഞ ചിലവിൽ വിഷം നൽകുകയാണോ ഇതിനു പിന്നിലുള്ള ഉദ്ദേശ്യം എന്നും സംശയിച്ചുപോയാൽ കുറ്റം പറയാൻ കഴിയില്ല.

വംശഹത്യയ്ക്കു തുല്യമായ ക്രൂരതയാണ് കാസർഗോഡൻ ഗ്രാമങ്ങളിൽ അരങ്ങേറുന്നത് എന്ന യാഥാർഥ്യം മറന്ന് സംസാരിക്കുന്ന ഒരു ഭരണകൂടത്തെ റോമാനഗരം കത്തിയമരുമ്പോൾ വീണവായിച്ചിരുന്ന നീറോ ചക്രവർത്തിയോട് ഉപമിക്കാം.

ഗദ്ദാഫിയോ മുബാറക്കോ ആയിരിന്നു ഭരിച്ചിരുന്നതെങ്കിൽ ഏകാധിപത്യമാണല്ലോ എന്നുകരുതി സമാധാനിക്കാമായിരിന്നു. അതിലും ക്രൂരമാണ് ജനാധിപത്യത്തിന്റെ ഈ കൂട്ടിക്കൊടുപ്പ്.

എൻഡോസൾഫാനു വേണ്ടി വാദിക്കുന്നവർ ഇത് കൂടി വായിക്കുന്നത് നന്നായിരിക്കും: How to Grow Crops without Endosulfan

എൻഡോസൾഫാൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും അവിടുത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ചെയ്യുന്ന ഡോ.മുഹമ്മദ് അഷീലിന്റെ വാക്കുകൾ കടമെടുത്ത് പറയട്ടേ "ഇനിയും എൻഡോസൾഫാൻ പ്രശ്നം ഉണ്ടാക്കുന്നില്ല എന്നു പറയുന്നവർ ഒരു കാര്യം ചെയ്യണം. അവർ തന്നെ നിശ്ചയിക്കുന്ന അളവിൽ, എൻഡോസൾഫാൻ എല്ലാവർക്കും മുന്നിൽ നിന്ന് കുടിക്കാൻ തയ്യാറാവണം". അദ്ദേഹവുമായി ഉള്ള ഇന്റർവ്യൂ പൂർണ്ണമായി ഇവിടെ.